കൊച്ചി: ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ മികവ് പുലർത്താൻ സജ്ജീകരിച്ച മൈക്രോബയോളജി ഫുഡ് ടെസ്റ്റിംഗ് ലാബ് തുറന്നു.കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വാർഡ് കൗണ്‍സിലർ ഉണ്ണി കാക്കനാട്, എഫ്.എസ്.എസ്.എ.ഐ (കൊച്ചി) ഡെപ്യൂട്ടി ഡയറക്ടർ കെ.എം ധന്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി.മഞ്ജുദേവി, ഗവണ്‍മെന്റ് അനലിസ്റ്റ് ഡോ.ആർ.ബിനു, ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജി. രഘുനാഥകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
4.5 കോടിയുടെ പദ്ധതി
ഫുഡ് സേഫ്റ്റി സ്റ്റാഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ. ഐ ) സെൻട്രല്‍ സെക്ടർ സ്കീം പ്രകാരം സംസ്ഥാനത്തെ ഓരോ ഭക്ഷ്യ പരിശോധനാ ലാബുകളുടെയും നവീകരണത്തിനായി 4.5 കോടി രൂപയാണ് അനുവദിച്ചത്. ലാബുകളുടെ ഇൻഫ്രാസ്ട്രക്ചർ, ലാബ് ഉപകരണങ്ങള്‍, മൂന്ന് വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലുള്ള മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടും. 150 കെ.വി വൈദ്യുതിയുടെ ആവശ്യം പരിഗണിച്ച് ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ വാർഷിക പദ്ധതിയില്‍ തുക അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.