സീത, അക്ബർ വിവാദം; സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർ നടപടിയെടുത്തത്.വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സർക്കാർ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുരയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്നും ഫെബ്രുവരി 12നായിരുന്നു സിംഹങ്ങളെ ബംഗാളിലെ സിലിഗുരിയിൽ എത്തിച്ചത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.

സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →