കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വിശുകയും വിദ്യാർത്ഥികളെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് നീക്കുകയും ചെയ്തു.
സ്ത്രീകളടക്കമുള്ളവരെ മർദ്ദിച്ചതായി എസ്എഫ്ഐ ആരോപിച്ചു. പൊലീസ് വാഹനത്തിലേക്ക് കയറാൻ വിസമ്മതിച്ച പ്രവർത്തകർ ‘ചാൻസലർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പൊലീസിനെ നേരിട്ടത്. സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ബസ്സിൽ നിന്ന് ആർഷോയും മറ്റ് പ്രവർത്തകരും വീണ്ടും തിരിച്ചിറങ്ങി. വീണ്ടും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നിലവില്‍ മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകീട്ട് ഏഴ് മണിയോടെയായിരിക്കും ഗവർണർ സർവ്വകലാശാലയിലെത്തുക. അതിന് മുമ്പ് ഇനി മറ്റ് പ്രതിഷേധങ്ങളുണ്ടാകുമോ എന്ന് വ്യക്തമല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടേയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് എസ്എഫ്ഐ.
ചാൻസലർ ഫാസിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാൻസലർക്ക് എവിടെ നിന്ന് കിട്ടി? എന്താണ് മറ്റു സംഘടനകൾ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും പാന്‍ പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആര്‍എസ്എസ്സുകാരനാണ് ഗവർണറെന്ന് ആര്‍ഷോ ആരോപിച്ചു. ജീവൻ കൊടുക്കേണ്ടി വന്നാലും ചാൻസലറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.