കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയത് ഗോവയില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മ്മിച്ച് ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അന്വേഷണം. തട്ടിപ്പിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം നല്‍കുകയും ചെയ്തത് ഇവര്‍ രണ്ടുപേരുമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുര്‍ത്തുസാമിയ ഹയാത്ത് ഭായ് എന്നയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.