ഇന്ത്യയിൽ ഇനിയുള്ള കാലം ബി ജെ പി മാത്രമായിരിക്കുമോ ഭരിക്കുക‌? മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ തിരഞ്ഞെടുപ്പ് വിരൽ ചൂണ്ടുന്നത്

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ നിലംപരിശാക്കി ബി ജെ പി അധികാരത്തിൽ എത്തിയതോടെ ആരാകും മുഖ്യമന്ത്രിമാർ എന്നായി ചർച്ച. തലമുതിർന്ന നേതാക്കളുടെ പേരുകളായിരുന്നു ഉയർന്നതിൽ ഏറെയും. പക്ഷേ, പാർട്ടി മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചപ്പോൾ സ്ഥാനമോഹികൾ മാത്രമല്ല പാർട്ടിക്കാർ പോലും ഞെട്ടി. ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായി, മദ്ധ്യപ്രദേശിൽ മോഹൻ യാദവ് എന്നിവരെ പ്രഖ്യാപിച്ചതുപോലെ അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിറുത്തി

രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കായിരുന്നു സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സ്ഥാനങ്ങൾ ലഭിച്ചത്.
രാജസ്ഥാനിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ 30 എം.എൽ.എമാരെ വച്ച് വിലപേശിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ അപ്പാടെ തഴഞ്ഞു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി.പി ജോഷി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്രസിംഗ് ഷെഖാവത്ത് തുടങ്ങിയവരുടെ പേരുകൾ അവസാന നിമിഷംവരെ ഉയർന്ന് കേട്ടെങ്കിലും പാർട്ടി അതൊന്നും പരിഗണിച്ചതേ ഇല്ല. വൻമരങ്ങളെ നിഷ്‌കരുണം വെട്ടിവീഴ്ത്തി കന്നി എം.എൽ.എയും ബ്രാഹ്‌മണ നേതാവുമായ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിലും വൻ സർപ്രൈസായിരുന്നു പാർട്ടി ഒരുക്കിയത്. ജാതിസമവാക്യം പാലിക്കാൻ രാജകുടുംബാംഗവും രാജ്‌പുത് സമുദായക്കാരിയുമായ വിദ്യാനഗർ എം.എൽ.എ ദിയാകുമാരിയെയും ദളിത് നേതാവായ ഡുഡു എം.എൽ.എ പ്രേം ചന്ദ് ബെർവയെയുമാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്.അവസാന നിമിഷം വരെ മുഖ്യമന്ത്രിയാകും എന്നുറപ്പിച്ചിരുന്ന വസുന്ധര രാജ സിന്ധ്യയെ മകൻ ദുഷ്യന്ത് സിംഗിന് സംസ്ഥാനത്തോ, ദേശീയ തലത്തിലോ മെച്ചപ്പെട്ട സ്ഥാനം നൽകാമെന്ന് ഉറപ്പുകൊടുത്താണ് പിൻമാറിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് വഴങ്ങിയ വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേരുനിർദ്ദേശിച്ചതും. ഇനിയൊരു അങ്കത്തിനുള്ള ബാല്യവും വസുന്ധരയ്ക്കില്ല.

ഇത് മാതൃക

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചവർ പോലും അത് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ആരും പാർട്ടിയെക്കാൾ വലുതല്ലെന്നും വിലപേശൽ തന്ത്രം വേണ്ടെന്നുമുള്ള ശക്തമായ താക്കീത് മുതിർന്ന നേതാക്കൾക്ക് നൽകുന്നതിനൊപ്പം ഭാവി സുസജ്ജമാക്കുന്നതിന് പുതിയ നേതാക്കളെ എങ്ങനെ വളർത്തിക്കൊണ്ടുവരണമെന്ന് മറ്റുപാർട്ടികൾക്ക് മാതൃകയുമാവുകയാണ് ബി ജെ പി. രണ്ടാം നിര നേതാക്കൾ ഇല്ലെന്നുള്ളതാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. യുവ നേതാക്കളായി ഉയർന്നുവന്നവരാണ് ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും.രാഹുൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഇവരുമുണ്ടായിരുന്നു. മദ്ധ്യപ്രദേശും രാജസ്ഥാനും ഈ രണ്ട് യുവ നേതാക്കളുടെ നേതൃത്വത്തിൽ കോൺഗ്രസ് പിടിച്ചപ്പോൾ മുഖ്യമന്ത്രിസ്ഥാനം ഇവർക്ക് കിട്ടുമെന്നുതന്നെ ഏവരും കരുതി. പക്ഷേ, ‘കടൽക്കിഴവന്മാരുടെ സംഘം’ എന്ന ദുഷ്‌പേരുള്ള കോൺഗ്രസ് ആ പേര് ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഇവരെയും മാറ്റിനിറുത്തി. മദ്ധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക് ഗെഹലോത്തിനും സ്ഥാനം നൽകി. ചരിത്രപരമായ മണ്ടത്തരമായിരുന്നു ഈ തീരുമാനം എന്ന് കാലം തെളിയിച്ചു. കോൺഗ്രസുമായി പിരിഞ്ഞ് ബി ജെ പി പാളത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി.അതോടെ സംസ്ഥാനത്ത് കോൺഗ്രസ് ഒന്നുമല്ലാതായി. നേതൃത്വവുമായി ഇണങ്ങിയും പിണങ്ങിയും സച്ചിൻ ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ട്. ഇനി എത്രനാൾ ഇങ്ങനെ തുടരുമെന്ന് കണ്ടുതന്നെ അറിയണം

ശേഷംആര് ?
ജനങ്ങളെ കൈയിലെടുക്കാൻ കഴിയുന്ന മുൻനിര നേതാക്കളോ രണ്ടാം നിര നേതാക്കളോ ഇല്ലെന്നതാണ് കോൺഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പശ്നം. പാർട്ടിക്ക് കാര്യമായ ജനപിന്തുണയുള്ള കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. ഉമ്മൻചാണ്ടിയുട‌െ മരണത്തോടെ കോൺഗ്രസിനുണ്ടായ പ്രധാന നഷ്ടവും അതാണ്. അല്പമെങ്കിലും മെച്ചമുളളത് കർണാടകത്തിലാണ്. കോൺഗ്രസിലെ ഡി കെ ശിവകുമാർ ശരിക്കും ക്രൗഡ് പുള്ളറായ നേതാവുതന്നെയാണെന്ന് നിസംശയം പറയാം. കേന്ദ്രത്തിൽ ഭരണമുള്ളതിന്റെ എല്ലാ ആനുകൂല്യത്തോടെയും മത്സരിക്കാനിറങ്ങിയ ബി ജെ പിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിച്ചതിന് പ്രധാന കാരണക്കാരൻ ഡികെ തന്നെയാണ്. തെലങ്കാനയിൽ പാർട്ടിയെ അധികാരത്തിലെത്തിച്ച് തന്നിൽ പാർട്ടി അർപ്പിച്ച വിശ്വാസം അദ്ദേഹം ഒന്നുകൂടി കാത്തുസൂക്ഷിക്കുകയും ചെയ്തു.എന്നാൽ ബി ജെ പിയുടെ സ്ഥിതി അതല്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കരുത്തരായ നേതാക്കൾ നിരവധി. ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള നേതാക്കൾ കീഴ് ഘടകങ്ങളിൽപ്പോലും നിരവധി. ഭാരതത്തിൽ തുടർന്നങ്ങോട്ട‌് ബി ജെ പി ആയിരിക്കും ഭരിക്കുക എന്നുറപ്പിക്കാൻ ഇതുതന്നെ ധാരാളം മതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പക്ഷേ, ഇങ്ങനെയൊരു അവസ്ഥ കോൺഗ്രസിന് ഇനിയൊരിക്കലെങ്കിലും ഉണ്ടാകുമോ എന്ന് സംശയവും അവർ ഉയർത്തുന്നുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊന്നും കാര്യമായ ജനപിന്തുണ ഇല്ലെന്ന് ഇപ്പോഴത്തേയും ഇതിന് തൊട്ടുമുമ്പും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കാണിച്ചുതന്നതാണ്

കന്നി എം.എൽ.എ മുഖ്യമന്ത്രിയായി
ജയ്‌പൂരിലെ സംഗനേറിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയപ്പോൾ തന്നെ സംസ്ഥാനത്തെ 14-ാം മുഖ്യമന്ത്രിയാകാനുള്ള അപൂർവ ഭാഗ്യമാണ് 56 കാരനായ ഭജൻലാൽ ശർമ്മയ്ക്ക് ലഭിച്ചത്. ഗോത്ര നേതാവ് വിഷ്ണു ദിയോ സായിയെ ഛത്തീസ്ഗഢിലും ഒ.ബി.സി വിഭാഗത്തിലെ മോഹൻ യാദവിനെ മദ്ധ്യപ്രദേശിലും മുഖ്യമന്ത്രിമാരാക്കിയ ബി.ജെ.പി രാജസ്ഥാനിൽ സവർണ നേതാവിനെ ആഗ്രഹിച്ചതും ശർമ്മയ്‌ക്ക് നേട്ടമായി
നാല് തവണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മികച്ച സംഘാടന ശൈലിയും പാർട്ടിയിലെ സ്വാധീനവും കേന്ദ്ര നേതൃത്വത്തെ ആകർഷിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദമുള്ള ശർമ്മ എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. ഭരത്‌പൂർ സ്വദേശിയാണ്.രജപുത്രരും ജാട്ടുകളും പ്രബലരായ രാജസ്ഥാനിൽ ബ്രാഹ്മണ മുഖ്യമന്ത്രി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ദിയാകുമാരി

ഉപമുഖ്യമന്ത്രിയാക്കിയതിന് മോദിയോടാണ് ദിയാകുമാരി നന്ദി പറയുന്നത്. ‘എന്നെ ഇതിന് യോഗ്യയാണെന്ന് കണക്കാക്കി ഈ ഉത്തരവാദിത്തം ഏൽപ്പിച്ചതിന്, ഈ അവസരം ലഭിച്ചതിന് ഞാൻ നന്ദിയുള്ളവനും സന്തുഷ്ടനുമാണ്. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു ദിയാകുമാരിയുടെ പ്രതികരണം. ജയ്‌പൂർ രാജകുടുംബാംഗമായ ദിയ 2013ലാണ് ബി.ജെ.പിയിൽ ചേർന്നത്. സവായ് മധോപൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം.ഇക്കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിവർത്തൻ യാത്രയുടെ ചുമതലക്കാരിയായ ദിയയാണ് സംസ്ഥാനത്ത് അശോക് ഗെഹലോത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.

പ്രേം ചന്ദ് ബൈർവ
പട്ടികജാതി വിഭാഗത്തിപ്പെട്ട നേതാവ്
2013ൽ ഡുഡു മണ്ഡലത്തിൽ നിന്ന് വിജയം

2018ൽ പരാജയം

കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക്

Share
അഭിപ്രായം എഴുതാം