പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ എസ് യു നേതാക്കള്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു നേതാക്കള്‍. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രനും എം ജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത് നെറ്റി മുറിച്ചപ്പോള്‍ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഷൂ എറിഞ്ഞതിനോടു കാട്ടേണ്ടതില്ലെന്നും ഇത്തരം സമര രൂപത്തിലേക്ക് പ്രവര്‍ത്തകരെ എത്തിച്ചത് സി പി എം തന്നെയാണെന്നും യദു കുറിച്ചു.
ജനാധിപത്യ രീതിയില്‍ സമരം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെ സി പി എമ്മിന്റെ ക്രിമിനല്‍ സംഘം വളഞ്ഞിട്ട് ആക്രമിക്കുന്നു. അതിനെതിരെ ചെറുത്തുനില്‍പ്പ് തീര്‍ക്കുകയും പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടതെന്ന് അരുണ്‍ രാജേന്ദ്രനും കുറിച്ചു.
ഷൂ ഏറ് സമരം തുടരുമെന്നു പ്രഖ്യാപിച്ചിരുന്നു കെ എസ് യു നേതൃത്വം ഷൂ ഏറ് വൈകാരിക പ്രകടനമാണെന്നും സമര രീതിയല്ലെന്നും തിരുത്തിയിരുന്നു. ഷൂ ഏറ് സമരത്തിനില്ലെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനു പറയേണ്ടിവന്നു. ഈ കടുത്ത നൈരാശ്യത്തില്‍ നിന്നാണു കെ എസ് യു നേതാക്കള്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Share
അഭിപ്രായം എഴുതാം