രാജസ്ഥാനില്‍ ഇന്ന് ജനവിധി, വോട്ടെടുപ്പ് ആരംഭിച്ചു,199 മണ്ഡലങ്ങൾ ബൂത്തിൽ; പ്രതീക്ഷയോടെ മുന്നണികൾ

രാജസ്ഥാൻ നിയമസഭയിലേക്കുളള വോട്ടെടുപ്പ് ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്.

അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലും വോട്ട് രേഖപ്പെടുത്തും. വിജയപ്രതീക്ഷ ആവർത്തിച്ച മുഖ്യമന്ത്രി അശോക് ഗലോട്ട്, മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചു. കേരളത്തിലേത് പോലെ ഭരണത്തുടർച്ചയുണ്ടാകും. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഗുണം ചെയ്യുമെന്നും ഗലോട്ട് കൂട്ടിച്ചേർത്തു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍ പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീട് നടക്കും. മുന്‍കാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. രാജസ്ഥാനില്‍ മാത്രമല്ല മോദി മുന്നില്‍ നിന്ന് നയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോൺഗ്രസ് വാദം. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. രാജേഷ് പൈലറ്റിനോടുള്ള വിരോധത്തില്‍ സച്ചിനെ കോണ്‍ഗ്രസ് വഞ്ചിച്ചുകൊണ്ടേയിരിക്കുന്നുവെന്ന പരാമര്‍ശം പ്രചാരണത്തിന്‍റെ അവസാന ദിനം പ്രധാനമന്ത്രി തൊടുത്തു വിട്ടതും കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.

Share
അഭിപ്രായം എഴുതാം