എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽക്യാമറ; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി (കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങളാണ് മൊബൈൽ ഫോൺ ഉപയോ​ഗിച്ച് പകർത്താൻ ശ്രമിച്ചത്. അധികൃതരുടെ പരാതിയിൽ പനങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ മൊബൈൽ ഫോൺ ഉപയോ​ഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പെൺകുട്ടിയാണ് വെന്റിലേറ്ററിൽ ക്യാമറ ഓൺ ചെയ്തുെവച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടത്. പെൺകുട്ടി ബഹളം വെച്ചതോടെ പുറത്തു നിന്ന ആൾ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ പെൺകുട്ടികൾ ഒരാൾ ഓടിപ്പോകുന്നതും കണ്ടു.

അധികൃതർ അറിയിച്ചതിനെ തുടർന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, പോലീസ് എത്തിയ ശേഷമാണ് ആൾ ഹോസ്റ്റൽ കോമ്പൗണ്ട് വിട്ടതെന്നും ആളെ വ്യക്തമായി കണ്ടതായും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നെന്നും പറയുന്നു. കുഫോസ് പരിസരത്ത് സാമൂഹികവിരുദ്ധ ശല്യമേറിയ സാഹചര്യത്തിൽ ശനിയാഴ്ച കുഫോസിൽ അധികൃതർ അടിയന്തര യോഗം ചേർന്നു.

Share
അഭിപ്രായം എഴുതാം