നരേന്ദ്രമോദിയെ നരാധമനെന്ന് വിശേഷിപ്പിച്ച് ജെയ്ക് സി തോമസ്; ചർച്ച ബഹിഷ്കരിച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നരാധമനെന്ന പരാമർശവുമായി സിപിഎം നേതാവ് ജെയ്ക് സി തോമസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവെയാണ് സിപിഎം സംസ്ഥാന സമിതി അം​ഗമായ ജെയ്ക് വിവാദ പരാമർശം നടത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ യുവനേതാവ് പ്രധാനമന്ത്രിയെ നരാധമനെന്ന് വിശേഷിപ്പിച്ചത്. കഴിഞ്ഞ 24 മാസമായി നരേന്ദ്രമോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്നായിരുന്നു ജെയ്കിന്റെ പരാമർശം.

മറിയക്കുട്ടി അടക്കമുള്ളവർക്ക് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം കേന്ദ്ര വിഹിതം നൽകാത്തതാണെന്നായിരുന്നു ചർച്ചയിൽ ജെയ്ക് സി തോമസിന്റെ നിലപാട്. ബിജെപി നേതാവ് വി.വി രാജേഷും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ജെയ്കിന്റെ നരാധമൻ പരാമർശമുണ്ടായത്. പരാമർശം പിൻവലിക്കാൻ ജെയ്ക് തയ്യാറാകാത്തതിനെ തുടർന്ന് ബിജെപി നേതാവ് വി.വി.രാജേഷ് ചർച്ച ബഹിഷ്ക്കരിച്ചു.

1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നും കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് സി തോമസ് ആരോപിച്ചു. കഴിഞ്ഞ 24 മാസമായി നരേന്ദ്രമോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണെന്ന് ജെയ്ക്ക് ആരോപിച്ചു.

എന്നാൽ, കേരളത്തിലെ പിണറായി സർക്കാർ അപ്പോഴും പെൻഷൻ വിതരണം ചെയ്യുകയാണെന്നും ജെയ്ക്ക് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കാൻ ജെയ്ക്ക് തയ്യാറായില്ല. നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും പരാമർശം ആവർത്തിച്ചതോടെയാണ് വിവി രാജേഷ് ചർച്ച ബഹിഷ്കരിച്ചത്.

Share
അഭിപ്രായം എഴുതാം