കൊട്ടാരക്കര: നവകേരള സദസ്സ് യാത്ര കെ.എസ്.ആർ.ടി.സി ബസിലാക്കിയത് ചെലവ് കുറയ്ക്കാനെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്ത് ചെയ്താലും വിമർശങ്ങളാണെന്നും പോലീസ് സ്റ്റേഷനിൽ വലതുകാൽവച്ചു കയറിയാലും ഇടതുകാൽവച്ചു കയറിയാലും അടിയെന്ന കഥപോലെയാണ് സർക്കാരിനെതിരെയുള്ള വിമർശനങ്ങളെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ആദ്യ സർക്കാർ ബി.എസ്‌സി. നഴ്‌സിങ് കോളേജിന്റെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യവിവാദങ്ങളുയർത്തി വികസനപ്രവർത്തനങ്ങളെ തമസ്കരിക്കുകയാണ്. ആസൂത്രിതമായി വാർത്തകൾ സൃഷ്ടിക്കുകയാണ്. എല്ലാമന്ത്രിമാരും സ്വന്തം വാഹനങ്ങളിൽ പോകുന്നതിന്റെ ചെലവുകുറയ്ക്കാനാണ് നവകേരളസദസ്സ് യാത്ര കെ.എസ്.ആർ.ടി.സി. ബസിലാക്കിയത്. മുഖ്യമന്ത്രിയുടെ വീട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്യാനല്ല ബസ് തയ്യാറാക്കുന്നത്. വിമർശനങ്ങൾ വസ്തുതാപരമാകണം. സങ്കീർണമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് കൊട്ടാരക്കരയിൽ നഴ്‌സിങ് കോളേജ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശിന്റെ അധ്യക്ഷതയിൽ ഉപാധ്യക്ഷ വനജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു