വോട്ടെടുപ്പിലൂടെ ഗാസയില്‍ അധികാരത്തിലെത്തിയ രാഷ്ട്രീയപാര്‍ട്ടിയാണ് ഹമാസ്; വിമർശനവുമായി ജി സുധാകരന്‍

ആലപ്പുഴ: ഇസ്രയേലിന്റെ സമീപനത്തിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമുന്നയിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ഇസ്രയേല്‍ സമീപനം ഫാഷിസമാണെന്നും ഇസ്രയേല്‍ കാട്ടുന്നത് ജൂതന്മാരുടെ വര്‍ഗീയതയാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഹിറ്റ്‌ലറുടെ കോണ്‍സട്രേഷന്‍ ക്യാമ്പില്‍ 8000 പേരെ കൊല്ലാന്‍ വര്‍ഷങ്ങളെടുത്തു.

പലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം 8000 പേരെ ഇസ്രയേല്‍ കൊന്നത് 25 ദിവസം കൊണ്ടാണ്. ഹമാസ് തീവ്രവാദികളാണെന്നാണ് മറ്റൊരു പ്രചാരണം. വോട്ടെടുപ്പിലൂടെ ഗാസയില്‍ അധികാരത്തിലെത്തിയ രാഷ്ട്രീയപാര്‍ട്ടിയാണ് ഹമാസ്. ഗാസ ഭരിക്കുന്ന അവര്‍ക്ക് സായുധസൈന്യവുമുണ്ട്. അന്തര്‍ദേശീയ രാഷ്ട്രീയമാണിത്. അല്‍ജസീറ ചാനല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഓഫിസ് പൂട്ടുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകരെയും കൊന്നു. മാധ്യമങ്ങള്‍ക്കുപോലും ഏകാധിപതികളുടെ മുന്നില്‍ രക്ഷയില്ലാത്ത സ്ഥിതിയാണ്, ജി സുധാകരന്‍ പറഞ്ഞു.

സമാധാനത്തിന് വേണ്ടി വാദിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇസ്രയേലിന്റെ യുദ്ധത്തിന് എല്ലാ ഏര്‍പ്പാടും ചെയ്യുന്നത്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയത എത്രമാത്രം അപകടമാണോ അതേപോലെയാണ് ജൂതന്മാരുടെ വര്‍ഗീയത. മാധ്യമങ്ങള്‍ സത്യവും വസ്തുതയും വിളിച്ചുപറയണമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ പുന്നപ്ര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍

Share
അഭിപ്രായം എഴുതാം