ഹെൽമറ്റും മാസ്കും ധരിച്ചെത്തി, ബൈക്കിന് നമ്പർ പ്ലേറ്റുമില്ല’; വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ച പ്രതി പിടിയിൽ

പോത്തൻകോട്: ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്.

മാസ്ക് വിൽക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറികച്ചവടം നടത്തുന്നതിന് അടുത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. നസീമ ബീവിയുടെ അടുത്ത് നിന്നും ആളുകള്‍ മാറിയ സമയത്ത് പ്രതി ഇവരെ ആക്രമിച്ച് മാല കവരുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നസീമാബീവി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബഹളം കേട്ട സമീപവാസികള്‍ പിന്തുടര്‍ന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആറ്റിങ്ങലിൽ നിന്ന് പിടികൂടിയത്. തൊണ്ടിമുതലായ മാല നെടുമങ്ങാടെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു.നെടുമങ്ങാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലും കുടുംബാംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ജഹാംഗീര്‍. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Share
അഭിപ്രായം എഴുതാം