രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു:സംസ്ഥാനത്ത് ഉള്ളി കിലോ 80 ലെത്തി

രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു.ദില്ലിയില്‍ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില്‍ 80 ലെത്തി.വില വന്‍തോതില്‍ ഉയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുതിച്ചത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും അങ്കലാപ്പിലാക്കി.

പുതിയ ഖാരിഫ് വിളകള്‍ മാര്‍ക്കറ്റിലെത്തുംവരെ വില കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഡിസംബര്‍ പകുതിയായാല്‍ മാത്രമേ വില കുറയൂ. വില കൂടുമെന്ന് കണ്ടതിനെ തുടര്‍ന്ന് ഉള്ളി കയറ്റുമതിക്ക് കേന്ദ്രം നേരത്തെ 40 ശതമാനം തീരുവ ചുമത്തിയെങ്കിലും വില പിടിച്ചുനിര്‍ത്താനായില്ല. കരുതല്‍ശേഖരം വിപണിയിലിറക്കി വിലനിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

മഴ കുറവായതിനാല്‍ പല മേഖലകളിലും ഉല്‍പ്പാദനം പകുതിയിലധികം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള കാരണമായി പറയുന്നത്. നേരത്തെ തക്കാളി വില കുതിച്ചുയര്‍ന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു.

Share
അഭിപ്രായം എഴുതാം