വെൽഡൻ മാർക്രം, മഹാരാജ വിജയം; പാകിസ്താനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താന് വീണ്ടും തോൽവി. ഇത്തവണ ദക്ഷിണാഫ്രിക്കൻ പടയോട്ടത്തിന് മുന്നിലാണ് പാകിസ്താൻ വീണത്. ചെന്നൈയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 270 റൺസിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡാൻ മാക്രം ഒറ്റയ്ക്ക് പൊരുതി. പക്ഷേ മാർക്രം വീണതോടെ കഥയും കളിയും മാറി.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ബാബർ അസമും സൗദ് ഷക്കീലും അർദ്ധ സെഞ്ചുറികൾ നേടി. ഷദാബ് ഖാന്റെ 43ഉം വാലറ്റക്കാരെ കൂട്ടുപിടിച്ച് മുഹമ്മദ് നവാസിന്റെ 24 റൺസും പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ മറുപടി എയ്ഡാൻ മാർക്രത്തിലൂടെയായിരുന്നു.

91 റൺസെടുത്ത മാർക്രം പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 40.2 ഓവറിൽ ഏഴിന് 250ൽ എത്തിയിരുന്നു. 58 പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 21 റൺസ് മാത്രം. അവസാന നിമിഷം വരെ പാകിസ്താൻ വിജയത്തിനായി ശ്രമിച്ചു. ഒമ്പത് വിക്കറ്റുകൾ വീണു. പക്ഷേ പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽ കൂടി കേശവ് മഹാരാജ് രക്ഷകനായി. 47.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു

Share
അഭിപ്രായം എഴുതാം