പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി കടത്തിയ സംഭവം; സസ്‌പെഷനിലായ എസ്‌ഐയെ പ്രതി ചേർത്തേക്കും

കോഴിക്കോട് മുക്കത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി കടത്തിയ സംഭവത്തിൽ സസ്‌പെഷനിലായ എസ്‌ഐയെ പ്രതി ചേർത്തേക്കും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ പ്രതിയുടെയും എസ്‌ഐയുടെയും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. മറ്റ് പോലീസുകാർക്കും സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. ജെസിബി കടത്തിയ സംഭവത്തിൽ കൃത്യവിലോപം ഉണ്ടായതായി കാണിച്ചാണ് എസ് ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു.സെപ്റ്റംബർ 19 ന് തോട്ടുമുക്കത്ത് ജെസിബി യിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ തൊണ്ടി മുതൽ മാറ്റി, തെളിവ് നശിപ്പിക്കാൻ എസ്എ നൗഷാദ് കൂട്ടു നിന്നുവെന്നാണ് കണ്ടെത്തൽ. അപകട മരണ കേസിൽ പൊലീസ് പിടിച്ചെടുത്ത ജെസിബിയുടെ നമ്പർ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ എഫ്‌ഐആറിൽ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ എസ്‌ഐ കൂട്ടു നിന്നെന്നും, തൊണ്ടി മുതൽ മാറ്റി പകരം ജെസിബി പൊലീസ് സ്റ്റേഷനിൽ നിർത്താൻ നൗഷാദ് സഹായം ചെയ്തുവെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.

താമരശ്ശേരി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ എസ്‌ഐയുടെ പങ്ക് വ്യക്തമായതോടെ റിപ്പോർട്ട് കോഴിക്കോട് റൂറൽ എസ്പിയ്ക്ക് കൈമാറി. എസ്പിയുടെ റിപ്പോർട്ട് ലഭിച്ചതോടെയാണ് എസ്‌ഐയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരമേഖല ഐജിയുടെ നടപടി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരും കൃത്യവിലോപത്തിന് കൂട്ടു നിന്നതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ മറ്റുള്ളവർക്കെതിരെയും നടപടി ഉണ്ടായേക്കും. ജെസിബി മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ, പകരം ജെസിബി നിർത്തിയിട്ടിരുന്ന മുക്കം ഹൈസ്‌കൂൾ റോഡ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

Share
അഭിപ്രായം എഴുതാം