പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന അംഗമാണ് ഷാഹിദ് ലത്തീഫ്. സിയാൽകോട്ടിന്റെ പ്രാന്തപ്രദേശത്തുള്ള പള്ളിയിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് മോട്ടോർ സൈക്കിളിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് പ്രദേശം വളഞ്ഞു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരയുന്ന ആളാണ് ലത്തീഫ്. 2016ൽ പത്താൻകോട്ടിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന അംഗമായിരുന്നു ഇയാൾ. 2016 ജനുവരിയിലാണ് പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷന് നേരെ ആയുധധാരികളായ സംഘം ആക്രമണം നടത്തിയത്.പത്താൻകോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്ത ലത്തീഫ് സിയാൽകോട്ടിൽ നിന്നാണ് മുഴുവൻ പദ്ധതിയും തയ്യാറാക്കിയിരുന്നത്. ആക്രമണം നടത്താൻ നാല് ജെയ്‌ഷ് ഭീകരരെ പത്താൻകോട്ടേക്ക് അയച്ചത് ഇയാളായരുന്നുവെന്നാണ് വിവരം.
1994-ൽ ലത്തീഫ് ജമ്മുവിൽ നിന്ന് മയക്കുമരുന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിയിരുന്നു. തുടർന്ന് 16 വർഷത്തെ ജയിൽവാസത്തിന് ശേഷം 2010ൽ വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാൾ ഭീകര പ്രവർത്തനം തുടരുകയും 2016ൽ പത്താൻകോട്ടിൽ ആക്രമണം ആസൂത്രണം ചെയ്യുകയുമായിരുന്നു.

Share
അഭിപ്രായം എഴുതാം