തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനു നേരെയുണ്ടായ നിയമനക്കോഴ വിവാദത്തിന്റെ ഗൂഢാലോചന പുറത്തു വന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ ഹരിദാസന്‍റെ മോഴി പുറത്തു വന്നിട്ടും ഒരു മാധ്യമവും തയാറാകുന്നില്ലെന്നും വിമർശിച്ചു.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം, വ്യാജമെന്ന് പരാതിക്കാരൻ ഹരിദാസൻ തന്നെ സമ്മതിച്ചതിരുന്നു. ഇതോടെയാണ് സിപിഐഎം ഉന്നയിച്ച ഗൂഢാലോചന വാദം കൂടുതൽ ബലപ്പെട്ടത്. വിഷയത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണം. ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴ നല്‍കിയെന്ന വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങൾ വൈകുന്നേര ചര്‍ച്ചക്ക് ഉപയോഗിച്ചു. എന്നാല്‍, ഹരിദാസന്‍റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടതെന്നും എം.വി ഗോവിന്ദൻ. വിവാദത്തിൽ തനിക്ക് പലതും പറയാനുണ്ടെന്നും ഇപ്പോള്‍ അന്വേഷണം നടക്കട്ടെയെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കോഴ ആരോപണത്തിലെ ട്വിസ്റ്റ് വിവാദങ്ങളെ പ്രതിരോധിക്കാനുള്ള കവചമാക്കുകയാണ് സിപിഐഎം.