വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പലായ ഷെൻഹുവ 15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോൾ.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തി. ഇന്നലെ ഉച്ചയോടെ എത്തിയ കപ്പൽ ഏഴു ദിവസം മുന്ദ്രയിലുണ്ടാകും. മുന്ദ്ര തുറമുഖത്തേക്കുള്ള നാലു ക്രെയിനുകൾ ഇറക്കിവയ്ക്കുന്നതിനാണ് ഏഴു ദിവസമെടുക്കുക. തുടർന്ന് 11നോ, 12നോ വിഴിഞ്ഞത്തിനു സമീപമെത്തും. 15നാണു സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്ത് അടുക്കുക. വിഴിഞ്ഞത്ത് ഇറക്കേണ്ടതു മൂന്നു ക്രെയിനുകളാണ്.
ആദ്യത്തെ ചരക്കുകപ്പൽ എത്തുന്നതിനൊപ്പം ചൈനീസ് വിദഗ്ധരുടെ സംഘവുമെത്തും. കപ്പലിൽ എത്തിക്കുന്ന ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനാണ് അൻപതംഗ സംഘം എത്തുന്നത്. ആറുമാസത്തോളം ഇവർ തുറമുഖത്തുണ്ടാകും. ആദ്യഘട്ടത്തിൽ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതും ഇവരാകും. ലോകത്തിലെ ഏറ്റവും വലിയ ക്രെയിൻ നിർമാണക്കമ്പനികളിൽ ഒന്നായ ഷാങ്‌ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽനിന്നാണു ക്രെയിനുകൾ വാങ്ങുന്നത്. സെഡ്പിഎംസി എന്ന പേരിലറിയപ്പെടുന്ന കമ്പനിയാണു, ലോകത്തെ കണ്ടെയ്നർ ക്രെയിൻ വിപണിയിൽ 75 ശതമാനം കയ്യടിക്കിയിരിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു കമ്പനി.
ഇവരുടെ ക്രെയിനുകൾ സ്ഥാപിക്കാനുള്ള വൈദഗ്ധ്യം ഈ കമ്പനിയിലെ ജീവനക്കാർക്കാണുള്ളത്. ആദ്യത്തെ കപ്പലിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും രണ്ടു യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ നാലു കപ്പലുകൾ കൂടി പിന്നീട് ചൈനയിൽനിന്നെത്തും. മുഴുവൻ ക്രെയിനുകളും സ്ഥാപിച്ചു കഴിഞ്ഞതിന് ശേഷം മാത്രമേ ചൈനീസ് സംഘo മടങ്ങുകയുള്ളു.