കളഞ്ഞ് കിട്ടിയ കുക്കറുകൾ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി .

എടത്വാ: റോഡിൽ വച്ച് കളഞ്ഞ് കിട്ടയ രണ്ട് കുക്കർ ഉടമയെ തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ. കായംകുളം സ്വദേശി ഷെഫീക്കിന്റെയായിരുന്നു കുക്കറുകൾ. ഇന്റാൾമെന്റ് വ്യവസ്ഥയിൽ തലവടി, എടത്വാ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനിടെയാണ് കുക്കർ നഷ്ടപ്പെട്ടതെന്ന് ഷെഫീക്ക് പറഞ്ഞു. തലവടി- വെള്ളക്കിണർ സംസ്ഥാന പാതയിൽ വച്ചാണ് കുക്കറുകൾ വിദ്യാർഥികൾക്ക് കിട്ടിയത്. തലവടി സ്വദേശികളായ രഞ്ജിത്ത്, അമൽ, ആഷിൻ, അഭിലാഷ്, നിതീഷ്, അജിൻ, ആൽഫിൻ എന്നിവർ അടങ്ങിയ വിദ്യാർഥി സംഘം റോഡിൽ കിടന്ന ചാക്കു കെട്ടുകൾ പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ അഞ്ച്, മൂന്ന് ലിറ്ററുകളുടെ കുക്കർ ശ്രദ്ധയിൽ പെട്ടത്.

വിദ്യാർഥികൾ പരിസരത്ത് അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്തിയില്ല. വാഹനത്തിൽ നിന്ന് തെറിച്ച് പോയതാകാം എന്ന നിഗമനത്തിൽ വിദ്യാർഥികൾ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തിനെ കുക്കർ ഏൽപ്പിച്ചിരുന്നു. ഉടമ എത്തിയ ശേഷം കൈമാറാനാണ് തീരുമാനിച്ചത്. ഉടമ എത്തിയതോടെ ബ്ലോക്ക് മെമ്പറിന്റെ സാന്നിദ്ധ്യത്തിൽ വിദ്യാർഥികൾ കുക്കറുകൾ തിരികെ ഏൽപ്പിച്ചു.

Share
അഭിപ്രായം എഴുതാം