മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി∙ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടര്‍ നടപടികള്‍ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് ഓഗസ്റ്റിൽ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തതാണു കേസിന് ആധാരം. തുടർന്ന് ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തു.

Share
അഭിപ്രായം എഴുതാം