തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ട് മന്ത്രിമാരുടെ സുരക്ഷ വർധിപ്പിച്ചു. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളിൽ കൊച്ചിയിലെ സ്വകാര്യസ്ഥാപനമാണ് ക്യാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചത്. 2.53 കോടി രൂപ അനുവദിച്ചാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റൽ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് മാസത്തെ സംഭരണശേഷിയുള്ള ക്യാമറകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ഉൾപ്പെടെയാണ് ഈ തുക. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി ശിവൻകുട്ടി, ആർ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫിസാണ് അനക്‌സ് രണ്ടിൽ പ്രവർത്തിക്കുന്നത്.