യൂറോകപ്പ് യോഗ്യതാമത്സരം

സൈപ്രസിനെ മുക്കി സ്‌പെയിന്‍; ബെല്‍ജിയം, ഇറ്റലി ജയിച്ചു

ഗ്രനേഡ: യൂറോ കപ്പ് യോഗ്യതാ ഗ്രൂപ്പ് പോരാട്ടത്തില്‍ സൈപ്രസിനെതിരേ സ്‌പെയിനിന് എതിരില്ലാത്ത ആറു ഗോളിന്റെ ജയം. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും ഗാവി, മിക്കേല്‍ മെരിനോ, ജൊസേലു, അലക്‌സ് ബിയേന എന്നിവരുടെ ഗോളുകളുമാണ് ഗ്രൂപ്പ് എയില്‍ സ്‌പെയിനിന് കൂറ്റന്‍ജയം ഒരുക്കിയത്. എന്നാല്‍ ഗ്രൂപ്പില്‍ നാലു കളികളില്‍ഒന്‍പതു പോയിന്റുമായി സ്‌പെയിന്‍ രണ്ടാമതാണ്. അഞ്ചില്‍ അഞ്ചും ജയിച്ച് സ്‌കോട്‌ലന്‍ഡ് ആണ് ഒന്നാമത്. സൂപ്പര്‍താരങ്ങളായ ഏര്‍ലിംഗ് ഹാലണ്ടിന്റെയും മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന്റെയും േഗാളുകളില്‍ ജോര്‍ജിയയെ 2-1നു കീഴടക്കിയ നോര്‍വേ ഏഴു പോയിന്റുമായി മൂന്നാമതാണ്. നോര്‍വെ ജയിച്ചില്ലായിരുന്നെങ്കില്‍ സ്‌കോട്‌ലന്‍ഡിന് യൂറോ യോഗ്യത നേടുന്ന ആദ്യ ടീമാകാമായിരുന്നു.

ഗ്രൂപ്പ് എഫില്‍ റൊമേലു ലുക്കാക്കുവിന്റെ ഡബിളില്‍ ബെല്‍ജിയം എസ്‌റ്റോണിയയെ കീഴടക്കി. വെര്‍ട്ടോന്‍ഗന്‍, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്, കെറ്റലെയര്‍ എന്നിവരും ലക്ഷ്യം കണ്ടു. 13 പോയിന്റുമായി ബെല്‍ജിയം ഗ്രൂപ്പില്‍ ഒന്നാമതുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വീഡനെ എവേ മത്സരത്തില്‍ കീഴടക്കി ഓസ്ട്രിയ കുതിപ്പുതുടര്‍ന്നു. 13 പോയിന്റുള്ള അവര്‍ ഗോള്‍ വ്യത്യാസത്തില്‍ ബെല്‍ജിയത്തിനു പിന്നില്‍ രണ്ടാമതാണ്. തോല്‍വിയോടെ സ്വീഡന്റെ യൂറോ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

ഇന്റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ ഡേവിഡ് ഫ്രാറ്റസിയുടെ ഇരട്ടഗോളില്‍ ഉക്രെയ്‌നെ കീഴടക്കി ഇറ്റലി യോഗ്യതയ്്ക്കരികിലെത്തി. മറ്റു മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 3-0ന് അന്‍ഡോറയെയും റൊമേനിയ 2-0ന് കൊസോവേയെയും ഇസ്രയേല്‍ 1-0ന് ബലാറസിനെയും നോര്‍ത്ത് മാസിഡോണിയ 2-0 ന് മാള്‍ട്ടയെയും കീഴടക്കി.

Share
അഭിപ്രായം എഴുതാം