ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം

ട്രിപ്പൊളി: ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 5300 പേരിലധികം മരിച്ചതായും പതിനായിരത്തോളം പേരെ കാണാതായതായും അധികൃതര്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലാണ് മിന്നല്‍പ്രളയമുണ്ടായത്.

നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്നും ആ കാഴ്ച ഭീകരമാണെന്നും ഡെര്‍ണ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ വ്യോമയാനമന്ത്രിയും എമര്‍ജന്‍സി കമ്മിറ്റി അംഗവുമായ ഹിഷേം സ്‌കിയൗട്ട് പറഞ്ഞു. നഗരത്തിന്റെ 25 ശതമാനത്തോളം അപ്രത്യക്ഷമായതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അദ്ദേഹം റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
ഗ്രീസ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നാശം വിതച്ച ശേഷം ഡെര്‍ണയില്‍ ആഞ്ഞടിച്ച ഡാനിയേല്‍ ചുഴലിക്കാറ്റാണ് പേമാരിക്കും മിന്നല്‍പ്രളയത്തിനും കാരണമായത്. ഞായറാഴ്ചയാണ് ഡാനിയേല്‍ മെഡിറ്ററേനിയന്‍ ഭാഗത്തെത്തിയത്.
ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡെര്‍ണയിലെ അണക്കെട്ടുകള്‍ തകര്‍ന്നതാണ് പ്രളയദുരന്തത്തിന് ഇടയാക്കിയതെന്ന് കിഴക്കന്‍ ലിബിയയുടെ ഭരണം നിയന്ത്രിക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മി(എല്‍എന്‍എ)യുടെ വക്താവ് അഹമദ് മിസ്മറി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സമീപപ്രദേശങ്ങളേയും പ്രദേശവാസികളേയും പ്രളയം കടലിലേക്ക് ഒഴുക്കിയതായി മിസ്മറി കൂട്ടിച്ചേര്‍ത്തു.

ലിബിയയില്‍ നിന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒലിച്ചുപോയ റോഡുകളും തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം. കാറുകള്‍ ആളില്ലാതെയും ആളുകള്‍ മുകളില്‍ കയറിയിരുന്നും ഒഴുകിപോകുന്നത് കാണാം. പത്തടിയോളം ജലനിരപ്പു- -യര്‍ന്നതായി ജനം പറയുന്നു. പ്രളയം രാത്രിയിലായതിനാലാണ് മരണസംഖ്യ ഇത്രയും കൂടാനിടയാക്കിയതെന്നാണ് നിഗമനം. ഉറക്കത്തിലായിരുന്ന ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടായില്ല.

ലിബിയയുടെ കിഴക്കന്‍ മേഖലയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ലിബിയയിലെ നാല് പ്രധാന എണ്ണഖനികള്‍ ശനിയാഴ്ച വൈകിട്ടോടെ അടച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസംഘടന അവശ്യ സഹായം നല്‍കുന്നുണ്ട്. ഖത്തറില്‍ നിന്ന് ലിബിയയിലേക്ക് അടിയന്തര സഹായം എത്തിക്കാന്‍ അമീര്‍ ശൈഖ് ഷൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം