ബാങ്കുറ: ബംഗാളില്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാരിനെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ നടത്തിപ്പില്‍ മന്ത്രി സ്വേച്ഛാധിപത്യം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പശ്ചിമ ബംഗാളിലെ ബാങ്കുറയില്‍നിന്നുള്ള എം.പി.കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ യോഗത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തി അദ്ദേഹത്തെ പൂട്ടിയിടുകയായിരുന്നു.
സുഭാഷ് സര്‍ക്കാരിനെതിരായി ഒരു വിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ മന്ത്രിയെ സംരക്ഷിക്കുന്നതിനായി രംഗത്തെത്തി. ഇതോടെ രണ്ടു വിഭാഗക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പോലീസെത്തിയാണ് മന്ത്രിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ബി.ജെ.പി. വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. അര്‍പ്പണബോധമുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം മന്ത്രി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. പാര്‍ട്ടിയെ രക്ഷിക്കാനാണ് തങ്ങളുടെ പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.