ഡീസൽ വാഹനങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ശുപാർശ നൽകിയിട്ടില്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.

ഡീസൽ വാഹനങ്ങൾക്ക് ജിഎസ്ടി വർധന പരിഗണനയിലില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സർക്കാരിന്റെ സജീവ പരിഗണനയിൽ അത്തരത്തിലുള്ള ഒരു നിർദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസൽ വാഹനങ്ങളുടെ വിൽപന നിയന്ത്രച്ചില്ലേൽ 10 ശതമാനം ജിഎസ്ടി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.

എക്‌സ് പ്ലാറ്റ് ഫോമിലായിരുന്നു കേന്ദ്ര മന്ത്രി വിശദീകരിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസൽ വാഹനങ്ങളുടെ നിർമ്മാണം കുറച്ചു കൊണ്ടുവരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഡീസൽ കാറുകളുടെ എണ്ണം ഒമ്പതുവർഷത്തിനിടെ 33 ശതമാനത്തിൽനിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി വിശദമാക്കി. ഡീസലിനെ അപകടകരമായ ഇന്ധനം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

പരിസ്ഥിതി സൗഹൃദ ഫ്യുവലുകളായ എഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാർ നിർമ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോമൊബൈൽ വ്യവസായം വളരുന്ന സാഹചര്യത്തിൽ ഡീസൽ വാഹനങ്ങൾ കൂടാൻ പാടില്ല. അതിനുള്ള നടപടികൾ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 2070ൽ സീറോ കർബൺ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസൽ ഉൾപ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്ക്കേണ്ടതുണ്ട്.

നിലവിൽ, ഓട്ടോമൊബൈലുകൾക്ക് അധിക സെസ്സിനൊപ്പം 28 ശതമാനം ജിഎസ്ടിയും ബാധകമാണ്. വാഹനത്തിന്റെ തരം അനുസരിച്ച് 1.0 ശതമാനം മുതൽ 22 ശതമാനം വരെ ഇതിൽ വരുന്നു. എസ്യുവികൾക്കാണ് ഏറ്റവും ഉയർന്ന നികുതി വരുന്നത്, അതായത് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ഇവയ്ക്ക് ലഭിക്കുന്നു. ഡീസലിന് പകരക്കാരനായി എഥനോൾ, ഗ്രീൻ ഹൈഡ്രജൻ, മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഫ്യുവലുകളും ഇവികളും കേന്ദ്ര സർക്കാർ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം