ന്യൂഡല്‍ഹി:നാല് നിപ്പാ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് എത്തും. മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയില്‍ എത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംഘം നല്‍കും.
നിപ മരിച്ച രണ്ടു രോഗികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് നിപ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണ്. ഓഗസ്റ്റ് 30ന് മരിച്ച രോഗി ഉള്‍പ്പെടെ നിലവില്‍ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അയച്ച സാമ്പിളുകളില്‍ ആദ്യം മരിച്ചയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചികിത്സയിലുള്ള നാലുപേരില്‍ ഒമ്പത് വയസ്സുള്ള കുട്ടിയും മരിച്ച വ്യക്തിയുടെ ഭാര്യാസഹോദരനും പോസിറ്റിവ് ആണ്. ഇതിന്റെ അര്‍ത്ഥം ആദ്യം മരിച്ച വ്യക്തിയും പോസിറ്റിവാണെന്നാണ്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളും സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നെഗറ്റിവാണ്.
നേരത്തെ കോഴിക്കോട് ജില്ലയിലെ രണ്ട് അസ്വാഭാവിക മരണങ്ങളും നിപ വൈറസ് മൂലമാണെന്ന് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്രവ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനുമായി നാലംഗ കേന്ദ്രസംഘത്തെ കേരളത്തിലേക്കയച്ചതായി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. സംശയമുള്ള നാല് പേരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോഴിക്കോട്ട് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണു മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസും ഒരാള്‍ക്ക് 40 വയസുമാണ്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലു പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണു ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എല്ലാം പ്രാഥമിക സമ്പര്‍ക്കമാണ്. ഹൈ റിസ്‌കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്
നിപ്പാ: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും
