രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പനിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില ഉയർന്നതോടെ 2023 ജൂലൈ മാസത്തിൽ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ആഗസ്റ്റ് മാസത്തിൽ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനത്തേക്കാൾ താഴേക്ക് പണപ്പെരുപ്പനിരക്ക് എത്തിച്ചേരുകയായിരുന്നു. ആഗസ്റ്റ് മാസം കൂടി പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിന് മുകളിൽ തന്നെ തുടരുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം.
പ്രവചനത്തേക്കാൾ പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് തന്നെയാണെങ്കിലും ഇത് തുടർച്ചയായി രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് രണ്ട് മുതൽ ആറ് ശതമാനം വരെ എന്ന ആർബിഐയുടെ ടോളറൻസ് പരിധിയ്ക്ക് മുകളിലാകുന്നത്. തുടർച്ചയായി നാലാം മാസമാണ് ആർബിഐയുടെ മീഡിയം ടേം ടാർജെറ്റ് പരിധിയായ നാല് ശതമാനത്തിന് മുകളിൽ പണപ്പെരുപ്പനിരക്ക് എത്തുന്നത്.
ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. ജൂലൈ മാസത്തിൽ ഭക്ഷ്യവിലക്കയറ്റം 11.51 ശതമാനമായിരുന്നെങ്കിൽ ആഗസ്റ്റ് മാസത്തിൽ ഇത് 9.94 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം 37.4 ശതമാനത്തിൽ നിന്ന് 26.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. കേരളത്തിലും റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് താഴ്ന്നിട്ടുണ്ട്. ജൂലൈ മാസത്തിലെ 6.43 ശതമാനത്തിൽ നിന്നും കേരളത്തിലെ പണപ്പെരുപ്പം ഓഗസ്റ്റ് മാസമായപ്പോൾ 6.40 ശതമാനത്തിലേക്ക് താഴ്ന്നു.