ബിജെപി നേതാവും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ മുൻ എം ഡിയുമായ പി പി മുകുന്ദൻ അന്തരിച്ചു.

കൊച്ചി : ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ 2023 സെപ്തംബർ 13 ന് രാവിലെ 8.11ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ദീർഘകാലം ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് ആയിരുന്നു.

കരൾ അർബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദൻ ദീർഘകാലമായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധിയായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കുറച്ച് നാൾ മുൻപാണ് മാറ്റിയത്. രണ്ട് മാസക്കാലമായി അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞുവരികയായിരുന്നു. സംസ്‌കാരം കണ്ണൂരിൽ വച്ച് നടക്കുമെന്നാണ് സൂചന.

45 വർഷം സംഘടനാ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി പി മുകുന്ദൻ. 16 വർഷക്കാലം ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പദം അദ്ദേഹം അലങ്കരിച്ചിരുന്നു. ബിജെപി കേരള ഘടകത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച നേതാവാണ് പി പി മുകുന്ദൻ.

1988 മുതൽ 1995വരെ ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ എം ഡിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1946ൽ കണ്ണൂരിലെ മണത്തനയിലാണ് പി പി മുകുന്ദന്റെ ജനനം. നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടേയും കല്യാണിയമ്മയുടേയും മകനാണ്. ആർഎസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തന രംഗത്തേക്ക് പിപി മുകുന്ദൻ കടന്നുവരുന്നത്. 1991 മുതൽ 2007 വരെ അദ്ദേഹം ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയുടെ തലപ്പത്തുണ്ടായിരുന്ന ആളെന്ന പ്രത്യേകതയും പി പി മുകുന്ദനുണ്ട്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു

Share
അഭിപ്രായം എഴുതാം