എന്താണ് നിപ : ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ;കോവിഡിനെക്കാൾ മാരക പ്രഹരശേഷി ഉള്ള ഒന്നാണ് നിപ വൈറസ്

മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെടുന്നത്. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.

ലോകത്ത് ആദ്യമായി മലേഷ്യയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയില്‍ വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്.

പന്നികള്‍ക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയില്‍നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും സ്ഥിരീകരണമില്ല. വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളിൽ കലങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍നിന്ന് രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പടരുന്നത്‌.

🔸 നിപ വൈറസ് പകരുന്നതെങ്ങനെ?

ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാം.

👉 രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.
👉 തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം.
👉 തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്.
👉 പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
👉വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടേയോ വൈറസുകള്‍ മനുഷ്യശരീരത്തിലെത്താം.
👉 സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
👉 രക്തം, മൂത്രം തൊണ്ടയില്‍ നിന്നുള്ള സ്രവം, വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത ഫ്ലൂയിഡ് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്.
👉 നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

🔸 ലക്ഷണങ്ങൾ :

👉 വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ അഞ്ചുമുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
👉 കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.
👉 ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം എന്നിവയുമുണ്ടാകാം.

പഴംതീനി വവ്വാലുകള്‍ നിപ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവര്‍ത്തിത്വത്തോടെ (co-evolution) കഴിയുന്നവരാണ്‌. വവ്വാലും നിപയും. വവ്വാലില്ലെങ്കില്‍ നിപയ്ക്ക് നിലനില്പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല. ഡെങ്കി വൈറസും ഈഡിസ് കൊതുകും തമ്മിലും ഇതേ ബന്ധമാണ്.

🔸 മുന്‍കരുതലുകള്‍

👉 വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
👉 രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.
👉 മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്തിടപെടുന്നവര്‍ മാസ്‌ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
👉 നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്.
👉 രോഗികളെ പരിചരിക്കുന്നവർ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ (Barrier Nursing) കര്‍ശനമായി
പാലിച്ചിരിക്കണം.

🔸 മുന്‍കരുതലാണ് പ്രധാനം

👉 അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

🔸 വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍:

👉 വൈറസ് ബാധയുള്ള വവ്വാലുകളുടെ ശ്രാവങ്ങൾ കാഷ്ഠം എന്നിവ മനുഷ്യശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ വൈറസ് ബാധയുണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള്, വെള്ളം എന്നിവ ഒഴിവാക്കുക.
👉 വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.

🔸 രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍:

👉 രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

👉 രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

👉 രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

👉 വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

കോവിഡ് പോലെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അങ്ങനെ വല്ലാതെ വ്യാപിക്കുന്ന ഒന്നല്ല നിപ. എന്നാൽ കോവിഡിനെക്കാൾ മാരക പ്രഹരശേഷി ഉള്ള ഒന്നാണ് നിപ വൈറസ്.

Share
അഭിപ്രായം എഴുതാം