പാലാ : ∙ദുബായിൽ കപ്പലിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകി ഇറാനിൽ കൊണ്ടുപോയി അടിമപ്പണി ചെയ്യിച്ചതായി പരാതി. യുവാക്കളെ ഇറാനിലേക്കു കടത്തിയ ഏജന്റുമാർക്കെതിരെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. മലപ്പുറം നിലമ്പൂർ സ്വദേശി, പത്തനംതിട്ട മയിലാടുംപാറ സ്വദേശി എന്നിവർക്കെതിരെയാണു പരാതി. 3.3 ലക്ഷം രൂപ വീതം വാങ്ങിയാണു തട്ടിപ്പു നടത്തിയതെന്നു പരാതിയിൽ പറയുന്നു.
പാലാ സ്വദേശികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടാൻ സാധിക്കാതെ ഇറാനിൽ കുരുങ്ങിക്കിടക്കുകയാണ്. മുംബൈയിൽ നിന്ന് ദുബായിലെത്തിച്ച ഇവർക്കു മാസങ്ങളോളം ജോലി നൽകിയില്ല. പിന്നീട് ഇറാനിലെ ഒരു തുറമുഖത്തേക്കു കൊണ്ടുപോയി. ചെറിയൊരു മുറിയിൽ യുവാക്കളെ ആഴ്ചകളോളം താമസിപ്പിച്ചു. ഇവരിൽ ചിലർ ഇറാനിൽ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെ നാട്ടിൽ വിളിച്ച് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കൾ ഏജന്റുമാരെ വിളിച്ചതോടെ ഇറാനിൽ ചെറിയ കപ്പലുകളിൽ ജോലി നൽകി.
സുരക്ഷാസൗകര്യങ്ങളില്ലാത്ത പഴയ കപ്പലുകളിൽ ജീവൻ പണയം വച്ച് 9 മാസത്തോളം ജോലി ചെയ്തെങ്കിലും ശമ്പളം കിട്ടിയില്ല. നാട്ടിലേക്കു തിരിച്ചുപോകാൻ വേണ്ട രേഖകൾ കപ്പൽ അധികൃതർ മടക്കിക്കൊടുത്തതുമില്ല. രേഖകൾ ലഭിച്ച ചില യുവാക്കൾ മാത്രം നാട്ടിൽ തിരിച്ചെത്തി. ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു….