. അധികം വൈകാതെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനിൽ പോകാനാവും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനുള്ള സർവെ 2023 ഏപ്രിലിൽ പൂർത്തിയായിരുന്നു. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ 57 കിലോമീറ്റർ നീളമുള്ള പാതയാവും നിർമ്മിക്കുക. ഈ റെയിൽ ലിങ്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 2026 ൽ പാത പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ പാതയുടെ നിർമ്മാണത്തെ കുറിച്ച് സൂചന നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര, സാമ്പത്തിക ബന്ധത്തിൽ ഈ പാത നിർണ്ണായകമായി മാറുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.. ഇത് അസമിന്റെ സാമ്പത്തിക വികസനത്തിനും ശക്തി പകരും. ഇന്ത്യ-ഭൂട്ടാൻ റെയിൽവേ ലൈനിനെ കുറിച്ചുള്ള ചർച്ചകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ടെങ്കിലും സമീപകാലത്താണ് അന്തിമ രൂപമായത്..
പാത പൂർത്തിയാവുന്നതോടെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കുള്ള ചരക്കു ഗതാഗതവും ഇത് വഴിയാവും. നിലവിൽ റോഡ് മാർഗമാണ് ഭൂട്ടാനിലേക്ക് ചരക്കുകളെത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികൾക്കും ഈ റെയിൽ പാത അനുഗ്രഹമാവും. വിസയില്ലാതെ ഇന്ത്യൻ പൗരൻമാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഭൂട്ടാൻ. ഇന്ത്യ, തായ്‌ലൻഡ്, മ്യാൻമാർ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ത്രിരാഷ്ട്ര ഹൈവേ നിർമ്മാണവും പുരോഗമിക്കുകയാണ്..