കാട്ടാന കൊലപ്പെടുത്തിയ വനംവാച്ചറുടെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനമായി

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചർ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനമായി. ഇരുപത്തിഅയ്യായിരം രൂപ അടിയന്തിര സഹായമായി നൽകും. ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നൽകാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് തീരുമാനമെടുത്തത്. 2023 സെപ്തംബർ 12 ചൊവ്വാഴ്ച്ച വിനോദസഞ്ചാരികളുമൊത്തുള്ള ട്രക്കിങിനിടെയാണ് കാട്ടാനയുടെ ആക്രമത്തിൽ വാച്ചർ കൊല്ലപ്പെടുന്നത്.

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നൽകാൻ തീരുമാനമായത്. ഇതിനുപുറമെ തങ്കച്ചന്റെ മകൾ അയോണ നേഴ്‌സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ എഴുതി തള്ളുന്നതിന് ശുപാർശ ചെയ്യുമെന്നും സർവ്വകക്ഷി യോഗത്തിൽ അധികൃതർ ബന്ധുക്കളെ അറിയിച്ചു. അടിയന്തിരമായി അനുവദിക്കുന്ന തുക കൂടാതെ കൂടുതൽ തുകക്കായി മുഖ്യമന്ത്രിക്ക് എ.ഡി.എം പ്രപ്പോസൽ നൽകും. തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നൽകുന്നതിനും നടപടി സ്വീകരിക്കും.

പത്ത് വർഷമായി താത്ക്കാലിക വാച്ചറായും ഗൈഡായും ജോലി ചെയ്തിരുന്ന തങ്കച്ചൻ നിർധന കുടുംബാംഗമാണ്. ചൊവ്വാഴ്ച പതിവുപോലെ വിനോദ സഞ്ചാരികളെയും കൊണ്ട് ട്രക്കിങ് നടത്തുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. സ്ഥിരമായി ട്രക്കിങിന് പോകുന്ന വഴിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ആനയിറങ്ങിയിരുന്നു.

സർവ്വകക്ഷി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, എ.ഡി.എം എൻ.ഐ. ഷാജു, ഡി.എഫ്.ഒ മാർട്ടിൻ ലോവർ, ഡി.എഫ്.ഒ ഷജ്‌ന കരീം, തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, സി.ഐ. എം.എം. അബ്ദുൾ കരീം, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →