കണ്ണൂർ: കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം. 2023 സെപ്തംബർ 11 തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പ് വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയത്. മുഴുവൻ സമയവും പൊലീസ് കാവലുളള സ്ഥലത്തുനിന്നാണ് ചന്ദനമരം മോഷണം പോയത്. വോളിബോൾ കോർട്ടിന് സമീപത്തായിരുന്നു ചന്ദന മരം. കെഎപി ക്യാമ്പിനോട് ചേർന്നാണ് കണ്ണൂർ റൂറൽ എസ്‍പി ഓഫീസും പ്രവർത്തിക്കുന്നത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ആറ് മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു.
അതേസമയം 2023 ജൂലൈ 26ന് സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിലെ വിത്തുകാട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മേപ്പാടി ചന്തക്കുന്ന് മഹേശ്വരൻ (19), മേപ്പാടി സ്വദേശി ബബീഷ് (21), മേപ്പാടി പാറക്കുന്ന് വീട്ടിൽ നിഖിൽ (20), എടയൂർ ഉമ്മാട്ടിൽ മുഹമ്മദ് ബിലാൽ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മരങ്ങൾ മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.