കാസർകോട്: മതിയായ ഡോക്ടർമാരില്ലാതെ കാസർകോട് പൂടംകല്ല് താലൂക്ക് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ. മലയോര മേഖലയായ കള്ളാർ, പനത്തടി, ബളാൽ, കോടോംബേളൂർ പഞ്ചായത്തുകളിലുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൂടംകല്ല് താലൂക്ക് ആശുപത്രി.
15 ഡോക്ടർമാർ വേണ്ടിടത്ത് ഇവിടെയുള്ളത് വെറും ഏഴ് ഡോക്ടർമാര‍് മാത്രം. മലയോര മേഖലയിലെ സാധാരണക്കാര‍് പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ഡോക്ടർമാർ ഇല്ലാത്തതിനാൽ ചികിത്സക്കെത്തുന്ന രോഗികൾ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്.
. സ്ഥലംമാറ്റവും അവധിയും കാരണമാണ് ഇവിടെയിപ്പോൾ മതിയായ ഡോക്ടർമാരില്ലാത്തത്. ആകെ വേണ്ട ഡോക്ടർമാരിൽ പകുതി പേർ പോലും സേവനത്തിനില്ല. ആശുപത്രിയിൽ ഡയാലിസിസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടർമാരെ അടക്കമുള്ള ജീവനക്കാരെ നിയമിക്കാത്തതിനാൽ ആർക്കും പ്രയോജനമില്ല.
എക്സറേ സംവിധാനം ഉണ്ടെങ്കിലും സ്റ്റാഫില്ല. ഓർത്തോ, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്ല. മെച്ചപ്പെട്ട ചികിത്സക്കായി മലയോരത്തെ ജനങ്ങൾ കിലോ മീറ്ററുകൾ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയോ സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുന്നുണ്ടെങ്കിലും പലരും ചുമതലയേറ്റെടുക്കാൻ തയ്യാറാകാത്തതാണ് ഡോക്ടർമാരില്ലാത്തതിന് കാരണമായി അധികൃതർ പറയുന്നത്.