ഒരു മുൻവിധിയും ഇല്ലാതെ വന്ന് വൻ ഹിറ്റായി മാറുന്ന ചില സിനിമകൾ ഉണ്ട്. അടുത്തകാലത്ത് മലയാള സിനിമയിൽ അത്തരം ഹിറ്റുകൾ ഉണ്ടാകാറുണ്ട്. രോമാഞ്ചം ആയിരുന്നു ആക്കൂട്ടത്തിലെ ആദ്യ സിനിമ. അത്തരത്തിൽ മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ആർഡിഎക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ‘അടിപ്പട’ത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആർഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവർ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആർഡിഎക്സിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബർ 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നും ട്വിറ്റര്‍ ചര്‍ച്ചകളുണ്ട്. തീയറ്ററിൽ വൻ ദൃശ്യവിരുന്നൊരുക്കിയ ചിത്രം ഒന്നു കൂടി ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ.