മൊറോക്കോയിലെ ഭൂകമ്പം ഞെട്ടലുണ്ടാക്കുന്നു; സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ സുസജ്ജം;

മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂകമ്പത്തിൽ നൂറുക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നു. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്‌ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ 296 പേരാണ് മരിച്ചത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മൊറോക്കോയിലെ പ്രധാന നഗരമായ മാരാകേഷിൻ 71 കിലോമീറ്റർ അകലെയാണ്. രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇത്.

പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള പട്ടണമായ അൽ-ഹൗസിലാണ് അധികവും നാശനഷ്ടം സംഭവിച്ചത്. അംബരചുംബികളായ പല കെട്ടിടങ്ങളും നിലം പൊത്തി. പ്രദേശത്ത് വൈദ്യുതി, ഇന്റർനെറ്റ് ബന്ധം പൂർണമായും തടസപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

Share
അഭിപ്രായം എഴുതാം