സൗദി അറേബ്യയിലെ പ്രശസ്ത കഥാകൃത്ത് മുഹമ്മദ് അൽവാൻ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മുഹമ്മദ് അൽവാൻ (73) അന്തരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ അദ്ദേഹം എന്നാൽ അറിയപ്പെട്ടത് നോവലിസ്റ്റും കഥാകൃത്തുമായാണ്. 1950ൽ അബഹയിലാണ് ജനിച്ചത്. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. ചെറുകഥാ സമാഹാരങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ കാലയളവിൽ വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിെൻറയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചു.

സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങിെൻറ സ്ഥാപക അംഗമാണ്. സൗദി വാർത്താ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ആയി ഉയർന്നു. അദ്ദേഹത്തിൻറെ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു.

ഉന്നത ധാർമികതയുടെയും നിരവധി സാഹിത്യകൃതികളുടെയും ശ്രദ്ധേയമായ പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് എഴുത്തുകാരൻ മുഹമ്മദ് അലി അൽവാൻ വിടപറഞ്ഞതെന്ന് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാധ്യമങ്ങൾക്കും സാംസ്കാരിക സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിനും സ്നേഹിതർക്കും ഞങ്ങൾ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം