ഐതിഹാസികം, അതിസാഹസികം: ദക്ഷിണ ധ്രുവം തൊട്ട് വിക്രം

ബംഗളൂരു: മാരകമായ തണുപ്പും, നിരന്തരം അലഞ്ഞുതിരിയുന്ന ബഹിരാകാശ വസ്തുക്കളുടെ സാന്നിധ്യവും കാരണം ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി കരുതപ്പെടുന്നത് അവിടത്തെ ദക്ഷിണ ധ്രുവത്തെയാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തൊരു രാജ്യത്തിനും ഇന്നു വരെ അവിടെ തൊടാൻ സാധിക്കാതിരുന്നതും.

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതു തന്നെ ലോകോത്തരമായ നേട്ടമാണെങ്കിൽ, അതു ദക്ഷിണ ധ്രുവത്തിൽ തന്നെ സാധ്യമാക്കി എന്നതാണ് ഇന്ത്യയുടെ നേട്ടത്തിനു പതിൻമടങ്ങ് പകിട്ടേകുന്നത്.

ഇനിയവിടത്തെ പര്യവേക്ഷണങ്ങളുടെ നാളുകളാണ് അടുത്ത പതിനാല് ദിവസം. വിക്രം ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന പ്രജ്‍‌ഞാൻ എന്ന റോവർ ആറു ചക്രങ്ങളിൽ ചന്ദ്രോപരിതലത്തിൽ ചുറ്റി സഞ്ചരിക്കും, സാമ്പിളുകൾ ശേഖരിക്കും.

ലാൻഡ് ചെയ്തു കഴിഞ്ഞെങ്കിലും വിക്രം ലാൻഡറിന്‍റെ ജോലി അവസാനിച്ചിട്ടില്ല. പ്രജ്ഞാനെ ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നത് തുടർന്നും വിക്രം തന്നെയായിരിക്കും. പ്രജ്ഞാൻ ശേഖരിക്കുന്ന വിവരങ്ങൾ വിക്രമിലേക്കും വിക്രം അവിടെനിന്ന് ഐഎസ്ആർഒയിലേക്കും അയയ്ക്കും.

Share
അഭിപ്രായം എഴുതാം