വിവിധ തലമുറകളിൽ ആരാധകരുള്ള രജനികാന്ത് നായകനായെത്തിയ നെൽസൺ ദിലീപ്‍കുമാർ ചിത്രം പല നിലയ്ക്കും ഏറെ പ്രത്യേകതകളുള്ള ചിത്രമാണ്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പുതിയ സംസാര വിഷയം ജയിലർ ആണ്. ചിതിരം. മറ്റ് സിനിമാമേഖലകളിലെ ശ്രദ്ധേയ താരങ്ങളുടെ അതിഥിവേഷങ്ങളാണ് അതിൽ പ്രധാനം. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡത്തിൽ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയിൽ നിന്ന് ജാക്കി ഷ്രോറും കാമിയോ റോളുകളിൽ ചിത്രത്തിലുണ്ട്. സ്ക്രീൻ ടൈം കുറവാണെങ്കിലും ഇവരുടെ താരമൂല്യം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നെൽസൺ കഥാപാത്രങ്ങളെ പ്ലേസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തൻറെ മനസിലുള്ള ഒരു ആഗ്രഹവും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
മോഹൻലാൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചെയ്യാനുള്ള ആഗ്രഹമാണ് അത്. ജയിലർ റിലീസിന് പിന്നാലെ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നെൽസൺ ഇതേക്കുറിച്ച് പറയുന്നത്. റാപ്പിഡ് ഫയർ ചോദ്യങ്ങളുടെ ഭാഗമായി താൻ പേര് പറയുന്ന ആളുകളോട് ഇപ്പോൾ ചോദിക്കാൻ തോന്നുന്നത് എന്താണെന്ന് പറയണമെന്നായിരുന്നു അഭിമുഖകാരിയുടെ ആവശ്യം. തുടർന്ന് മോഹൻലാലിൻറെ പേരാണ് ആദ്യം പറഞ്ഞത്. അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെൽസൻറെ ആദ്യ പ്രതികരണം. അതിൽ ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെ- “ഫുൾ ഫ്ലഡ്‍ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം”, നെൽസൺ പറഞ്ഞു.
മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിൻറെ പ്രകടനത്തിനൊപ്പം കഥാപാത്രമായുള്ള അദ്ദേഹത്തിൻറെ വേഷവിധാനവും സ്റ്റൈലിംഗുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുൻപ് ബിഗ് ബോസിൽ അദ്ദേഹത്തിൻറെ സ്റ്റൈലിംഗ് നിർവ്വഹിച്ചിട്ടുള്ള ജിഷാദ് ഷംസുദ്ദീൻ ആണ് ജയിലറിലെയും മോഹൻലാലിൻറെ വസ്ത്രങ്ങൾക്ക് പിന്നിൽ.

