അക്ഷയ സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ; സർക്കാർ നിശ്ചയിച്ചതിന്റെ ഇരട്ടി തുക ഇടാക്കുന്നതായി കണ്ടെത്തൽ

ഓപ്പറേഷൻ ഇ- സേവയുടെ ഭാഗമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ അക്ഷ സെന്ററുകളിൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. 2023 ഓ​ഗസ്റ്റ് 5ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ നിശ്ചയിച്ചതിന്റെ ഇരട്ടി തുക അക്ഷയ സെന്ററുകൾ ഫീസ് ഇടാക്കുന്നുവെന്നതാണ് പരിശോധനയിലൂടെ വിജിലൻസ് പ്രധാനമായും കണ്ടെത്തിയത്.

പലയിടത്തും കൃത്യമായി ബില്ലുകൾ നൽകുന്നില്ല എന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകളും മിന്നൽ പരിസോധനയിലൂടെ വിജിലൻസ് കണ്ടെത്തി. പല അക്ഷയ സെന്ററുകളിലും പരാതി രജിസ്റ്ററുകൾ സൂക്ഷിക്കുന്നില്ല. അക്ഷയ കോർഡിനേറേറ്റർമാർ പല സെന്ററുകളിലും പരിശോധന നടത്തിയിട്ടില്ല. ചിലയിടത്ത് അക്ഷയ സെന്റർ പ്രവർത്തിക്കുന്ന മുറികളിൽ മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അക്ഷയ സെന്ററുകൾ നൽകുന്ന സേവനങ്ങളേയും നൽകുന്ന ബില്ലുകളേയും സംബന്ധിച്ച് മുൻപ് തന്നെ പരാതികൾ ഉയർന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധനയിലേക്ക് കടന്നത്. ഡിജിറ്റൽ ബില്ലുകൾ നൽകണമെന്ന സർക്കാർ നിർദേശം പല അക്ഷയ സെന്ററുകളും പാലിക്കുന്നില്ലെന്നും വിജിലൻസ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം