സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം നിലത്തിറക്കി

ന്യൂ ഡല്‍ഹി: റാഞ്ചിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് 2023 ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 7.40ന് പറന്നുയർന്ന 6E 2172 ഇൻഡിഗോ വിമാനം 8.20ഓടെ തിരുച്ചിറക്കുകയായിരുന്നു.

വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും ഐജിഐ വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്നും പൈലറ്റ് ആകാശത്ത് വെച്ച് അറിയിക്കുകയുണ്ടായെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇൻഡിഗോ ജീവനക്കാർ യാത്രക്കാരെ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. 2023 ഓ​ഗസ്റ്റ് 4 വെള്ളിയാഴ്ച ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം