തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികൾക്കിടയിൽ രോഗം പടരുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികൾ അഞ്ചാംപനി ബാധിച്ച് മരിച്ചു. 2023 ൽ ഇതുവരെ നാല് അഞ്ചാംപനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 2362 കുട്ടികൾക്ക് രോഗം ബാധിച്ചു. 1702 കുട്ടികൾ സമാന ലക്ഷണങ്ങളുമായും 660 പേർ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ യജ്ഞം ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2023 ആഗസ്റ്റ് ഏഴുമുതൽ 12 വരെ ആദ്യഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും ഒക്ടോബർ ഒമ്പതു മുതൽ 14 വരെ മൂന്നാംഘട്ടവും നടക്കും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.