കോഴിക്കോടിന്റെ ഓട്ടോപ്പെരുമയ്ക്ക് മങ്ങല്‍; അനധികൃത സര്‍വ്വീസ് വ്യാപകം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിൽ എംവിഡി നടത്തിയ പരിശോധനയിൽ 115 ഓട്ടോറിക്ഷകൾക്കാണ് പിഴയിട്ടത്. അനധികൃത സർവീസിനേക്കുറിച്ചും കൂടുതൽ തുക ചോദിച്ചതിനും കളക്ടർക്കും പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന നടന്നത്.

നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ 115 ഓട്ടോറിക്ഷകൾക്കായി  25,6,000 രൂപ പിഴയാണ് എംവിഡി ചുമത്തിയത്. ഓട്ടോപ്പെരുമയിൽ എന്നും തലയുയർത്തിപ്പിടിച്ചിട്ടുണ്ട് കോഴിക്കോട്. എന്നാൽ സമീപകാലത്ത് പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. യാത്രക്കാരിൽ നിന്ന് ഉയർന്ന തുക വാങ്ങുന്നു, അനുമതിയില്ലാതെ കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നു തുടങ്ങി വിവിധ നിയമലംഘനങ്ങൾക്കാണ് നടപടി.

115 ഓട്ടോകൾക്കായി പിഴയിട്ടത് 256000 രൂപ. നഗരത്തിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത ഓട്ടോറിക്ഷകളാണ് പരാതിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ വാദം. കൃത്യമായ പരാതിയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം