മുതലപ്പൊഴി: മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന 16 പേരെയും രക്ഷപ്പെടുത്തി. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റുമാണ് നേതൃത്വം നൽകിയത്. 2023 ഓഗസ്റ്റ് 3 പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. വർക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയിൽ ഒരുക്കിയിട്ടുള്ള മറൈൻ എൻഫോഴ്സ്മെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി.
മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ ആവശ്യങ്ങൾ പരിഗണിച്ചുള്ള സർക്കാർ നിർദേശ പ്രകാരം ഓഗസ്റ്റ് 2ന് മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാഹചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്നതിൽ സർക്കാരിന് മുന്നറിയിപ്പുമായി ലത്തീൻ അതിരൂപത രംഗത്തെത്തിയിരുന്നു. പ്രഖ്യാപനങ്ങൾ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറൽ ഫാ യൂജിൻ പെരേര പറഞ്ഞു. സർക്കാരിന്റെ ആത്മാർത്ഥത വാക്കുകളിൽ മാത്രം പോരെന്നും ഫാ. യൂജിൻ പെരേര പറഞ്ഞിരുന്നു.
മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടിരുന്നു. അഴിമുഖത്തെ പ്രശ്നങ്ങൾ പഠിച്ച ചെന്നൈ ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഹാർബർ അടച്ചിടാതെയുള്ള പുനർനിർമ്മാണമാണ് ശാശ്വതമായ പരിഹാരമെന്ന് മത്സ്യതൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കി. സർക്കാർ നീക്കത്തെ വിമർശിച്ച് ലത്തീൻ സഭയും രംഗത്തെത്തി. അതേസമയം, മുതലപ്പൊഴിയിൽ ഇന്നും വള്ളം മറിഞ്ഞ് അപകടമുണ്ടായി.
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് മൺസൂൺ കഴിയുന്നത് വരെ അഴിമുഖം അടച്ചിടാനുളള ആലോചനകൾ സർക്കാർ നടത്തിയത്. എന്നാൽ സെപ്തംബർ 5 വരെ മുതലപ്പൊഴി അടയ്ക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ത മത്സ്യതൊഴിലാളി യോഗം സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.