ബാലസോർ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല

ഒഡീഷ: ഒഡീഷയിലെ ബാലസോറിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകട സ്ഥലത്തുനിന്ന് വീണ്ടെടുത്ത മൃതദേഹങ്ങളിൽ ചിലവ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 29 മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. ഭുവനേശ്വറിലെ എയിംസാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി സിഎഫ്എസ്എല്ലിൽ നിന്നും അവസാന ഡിഎൻഎ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും എയിംസ് അറിയിക്കുന്നു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് വേണ്ടി സർക്കാർ തീരുമാനമെടുക്കും. 2023 ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ 295 യാത്രക്കാർക്കാണ് ജീവൻ നഷ്ടമായത്.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത- ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ഖരഗ്പൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂർപുരി പാതയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →