തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്‍റെ വാക്കുകൾ ആരെയും വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും താൻ അങ്ങനെ വേദനിപ്പിക്കുന്ന ആളല്ലെന്നും ഷംസീർ പറഞ്ഞു.
താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മത വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുമില്ല. ഭരണഘടയിൽ ഒരു ഭാഗത്ത് മത വിശ്വാസത്തെക്കുറിച്ചും മറു വശത്ത് ശാസ്ത്രീയ വശങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് പറയുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളെന്ന നിലയിൽ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ എങ്ങനെയാണ് മത വിശ്വാസത്തെ വേദനിപ്പിക്കുന്നതാവുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്പീക്കറെന്ന സ്ഥാനത്തേക്ക് തന്നെ കെട്ടിയിറക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് താനെന്നും തന്‍റെ മതേതര മൂല്യങ്ങളേയോ വിശ്വാസങ്ങളേയോ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവർ രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. അത് കേരളത്തിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വിശ്വാസി സമൂഹം അതിനെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്. വിശ്വാസി സമൂഹത്തിന് താൻ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന്, അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.