സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം.

ജയ്പൂർ: സഹപാഠികളായ ആൺകുട്ടികൾ പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി. കൂടാതെ കുട്ടിയുടെ സ്കൂൾ ബാ​ഗിൽ ഇവർ പ്രണയലേഖനവും ഒളിപ്പിച്ചു. തുടർന്ന് രാജസ്ഥാനിലെ ​ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. 2023 ജൂലൈ 28 വെള്ളിയാഴ്ചയാണ് സംഭവം. സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി ക്ലാസിൽ ബാഗും കുപ്പിയും സൂക്ഷിച്ച് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി തിരികെ വന്ന് കുപ്പിയിൽ നിന്ന് കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു .

ചില ആൺകുട്ടികൾ വെള്ളത്തിൽ മൂത്രം കലർത്തിയതായി പെൺകുട്ടി പരാതിപ്പെട്ടു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് വ്യക്തമായതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഘൻശ്യാം ശർമ്മ പറഞ്ഞു. തുടർന്ന് പെൺകുട്ടി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ച് ഗ്രാമവാസികൾ രം​ഗത്തെത്തി.സംഭവത്തെ തുടർന്ന് പ്രകോപിതരായ ​ഗ്രാമീണർ‌ കുട്ടിയുടെ വീട്ടിൽ കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് സംഘത്തെ കല്ലെറിയുകയും ചെയ്തു. പോലീസ് ലാത്തി വീശി സമരക്കാരെ ഓടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

തഹസിൽദാർ, ലുഹാരിയ പൊലീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോടും നാട്ടുകാർ വിഷയം ഉന്നയിച്ചു. എന്നാൽ, ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ആരോപിതരായ ആൺകുട്ടികളുടെ വീടുകളിൽ കയറി കല്ലെറിയാൻ തുടങ്ങി. പെൺകുട്ടി ഇതുവരെ പൊലീസിൽ ഔദ്യോ​ഗികമായി പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. നാശനഷ്ടം വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു

Share
അഭിപ്രായം എഴുതാം