ബെംഗളൂരു : ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോൾ ബൂത്തിന് സമീപം 2023 ജൂലൈ 21 ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
ബംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ഗജരാജ ബസ്. ബൈക്കിന് ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന രണ്ട് പേരാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലുകൾക്കും വൈപ്പറിനും കേടുപാടുണ്ടായി. യാത്രക്കാർക്ക് പോകാനായി മറ്റൊരു ബസ് ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

