മണിപ്പുരിൽ യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ പൊലീസ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ

ഇംഫാൽ : മണിപ്പുരിൽ രണ്ട് യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. രാജ്യവ്യാപകമായി വൻ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. തൗബാൽ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായവരിൽ ഒരാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.വിഡിയോ ദൃശ്യങ്ങളിൽ ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ ഗവർണർ അനുസൂ ഉയ്കെ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തേക്കുറിച്ച് ചോദിച്ചറിഞ്ഞ ഗവർണർ, ഇതുവരെ സ്വീകരിച്ച നടപടികളും ആരാഞ്ഞു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ അവർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിജീവിതകളായ സ്ത്രീകൾക്ക് പൊലീസ് സംരക്ഷണം നൽകാനും ഗവർണർ നിർദ്ദേശം നൽകി.

Share
അഭിപ്രായം എഴുതാം