ന്യൂഡല്‍ഹി: ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ ഹർജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് ഇടക്കാല ജാമ്യം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജിയെ ഇ ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകുന്നില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഇതോടെ ശിവശങ്കര്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുക്കാത്തതെന്ന് കോടതി ചോദിച്ചു. തങ്ങള്‍ ആവശ്യപ്പെടുന്ന ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലെന്നാണ് ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജഗ്ദീപ് ഗുപ്ത അറിയിച്ചത്. ഇതോടെ വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി രണ്ടാഴ്ചത്തെ സമയം ഇ ഡിക്ക് അനുവദിച്ചു.